വായനശാല സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍.എല്ലാ മാന്യ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍.....

ചരിത്രം


അല്പം ചരിത്രം

1963ല്‍ കോട്ടുര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പുളിയോട്ടുമുക്കില്‍ പത്രപാരായണത്തിനായി വായനശാല ആരംഭിച്ചു. ഗ്രാമ പഞ്ചായത്തിലെ ഒന്നാംവാര്‍ഡ് മെമ്പറായ ശ്രീ.എംപി.ഗോപാലനാണ് വായനശാല തുടങ്ങുന്നതില്‍ താല്പര്യം കാണിച്ചത്.കോട്ടുര്‍ നൊച്ചാട് പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം വാര്‍ഡിന്റെ മധ്യഭാഗമായ മൂലാട് പ്രദേശത്തേക്കു മാറ്റാന്‍ ഇവിടുത്തുകാര്‍ ആവശ്യപ്പെടുകയും ജനങ്ങളുടെ ശക്തമായ കൂട്ടായ്മയുടെ ഫലമായി വായനശാല മൂലാട് പ്രദേശത്തേക്കു മാറ്റി സ്ഥാപിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് ജനപങ്കാളിത്തത്തോടെ 600 ഓളം പുസ്തകങ്ങള്‍ ശേഖരിക്കുകയും കേരള ഗ്രന്ഥശാലാസംഘത്തിന്റ അംഗീകാരത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു.
1964 ല്‍ ജ്ഞാനോദയ വായനശാല മൂലാട് എന്ന പേരില്‍ കേരള ഗ്രന്ഥശാലാ സംഘത്തിന്റ അംഗീകാരം വായനശാലയ്ക്കു ലഭിച്ചു.തുടക്കത്തില്‍ ശ്രീ.വലിയപ്പൊയില്‍ ചാത്തന്‍കുട്ടി എന്നയാളുടെ ഒരു കൊച്ചു പീടിക മുറിയിലായിരുന്നു വായനശാലയുടെ പ്രവര്‍ത്തനം. സര്‍വ്വശ്രീ. എന്‍. കുഞ്ഞിരാമന്‍നായര്‍, മലയില്‍ രാഘവന്‍,തോട്ടത്തില്‍ കുഞ്ഞ്യേക്കിണി,വി.ടി.രാഘവന്‍,എന്‍ കേളപ്പന്‍,വി.പി ചാത്തു,സി.കെ ചെക്കിണി,പി.പി കൃഷ്ണന്‍ നായര്‍ എന്നിവരായിരുന്നു അന്നത്തെ പ്രവര്‍ത്തകര്‍.തുടക്കത്തില്‍ നന്നായി പ്രവര്‍ത്തിച്ചിരുന്ന വായനശാലയുടെ പ്രവര്‍ത്തനം പിന്നീട് മോശമാവുകയും നിലയ്ക്കുകയും ചെയ്തു. കേരളഗ്രന്ഥശാലാസംഘത്തില്‍ നിന്ന് ലഭിച്ചിരുന്ന തുച്ഛമായ പുസ്തക ഗ്രാന്റുപയോഗിച്ചായിരുന്നു അക്കാലത്തെ പ്രവര്‍ത്തനം.പരേതനായ ശ്രീ.ടി.കെ കുഞ്ഞുട്ടന്‍ മാസ്റ്റര്‍ പ്രസിഡന്റായ ഒരു കമ്മറ്റി പിന്നീട് നിലവില്‍ വരികയും വീണ്ടും പ്രവര്‍ത്തനം പച്ചപിടിച്ചു വരികയും ചെയ്തു.അക്കാലത്ത് സ്ഥാപനം പരേതനായ അരിയമ്മാക്കൂല്‍ കേളപ്പന്‍ എന്നയാളുടെ പീടികമുറിയില്‍ വീണ്ടും പ്രവര്‍ത്തിക്കുകയും ചെയ്തം.കമ്മറ്റിയുടെ ഏറെ നാളത്തെ ശ്രമഫലമായി കുറ്റ്യാടി ഇറിഗേഷന്‍ പ്രൊജക്ററിന്റെ കീഴിലുള്ള ഒന്നെര സെന്റ് സ്ഥലം വായനശാലയ്ക്ക് അനുവദിച്ചു കിട്ടി.കെട്ടിടത്തിന്റ പണി ഭാഗികമായി പൂര്‍ത്തിയായെ‌ങ്കിലും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ലഭിക്കാത്തതുകൊണ്ട് വായനശാലയ്ക്ക് സ്വന്തം കെട്ടിടത്തിലേക്ക് മാറാന്‍ കഴിഞ്ഞില്ല.
ശ്രീ.ടി.കെ ശ്രീധരന്‍ പ്രസിഡന്റായിരുന്ന പഞ്ചായത്ത് ഭരണസമിതി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പഞ്ചായത്തിനു കിട്ടുന്നതിനുവേണ്ടി സര്‍ക്കാരിലേക്കു അപേക്ഷ അയച്ചു. വായനശാലാ സമിതിയുടെയും പഞ്ചായത്തിന്റെയും കൂട്ടായ ശ്രമഫലമായി അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി ശ്രീ.പാലോളി മുഹമ്മദ്കുട്ടിയുടെ പ്രത്യേക താല്‍പര്യപ്രകാരം വായനശാലയ്ക്കു വേണ്ടി ഒന്നെര സെന്റ് സ്ഥലം പഞ്ചായത്തിനു വിട്ടുകൊടുത്തു.പ്രസ്തുത സ്ഥലം അന്നത്തെ പ്രസിഡന്റായ ശ്രീ.ടി.വി കുഞ്ഞിക്കുട്ടി മാസ്റ്ററുടെ പേരില്‍ പഞ്ചായത്ത് സെക്രട്ടരി രജിസ്ററര്‍ ചെയ്തു തരികയും തുടര്‍ന്ന് കെട്ടിടത്തിന്റ പണി പൂര്‍ത്തീകരിക്കുകയും ചെയ്തു.1994മാര്‍ച്ച് 31ന് കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആരാധ്യനായ പ്രസിഡന്റ് ശ്രീ.കടമ്മനിട്ട രാമകൃഷ്ണന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു.സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടരി ശ്രീ..വി ദാസ് ,പേരാമ്പ്ര എം.എല്‍..ശ്രീമതി എന്‍.കെ രാധ,സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം ശ്രീ.വി.കെ ബാലന്‍ മാസ്റ്റര്‍,ഈപ്രദേശത്തെ സാമൂഹ്യരാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ശ്രീ.ആര്‍.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കുകയുണ്ടാ യി .
സ്വന്തമായ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതു മുതല്‍ ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ കാലഘട്ടം ആരംഭിച്ചുവെന്നു പറയാം.ഇപ്പോള്‍ കൊയിലാണ്ടി താലൂക്കിലെ എ.ഗ്രേഡ് വായനശാലകളില്‍ ഒന്നാണ് മൂലാട് ജ്ഞാനോദയ വായനശാല.കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ പദ്ധതിപ്രവര്‍ത്തനങ്ങളായ ബാലവേദി, വനിതാവേദി, വനിതാപുസ്തക വിതരണപദ്ധതി എന്നിവ ഇവിടെ വിജയകരമായി പ്രവര്‍ത്തിക്കുന്നു.കൂടാതെ സ്റ്റുഡന്റ് കോര്‍ണര്‍,കാര്‍ഷിക പുസ്തക കോര്‍ണര്‍,റഫറന്‍സ് വിഭാഗം എന്നിവയും പ്രവര്‍ത്തിക്കുന്നു.ലൈബ്രറി കൗണ്‍സില്‍ നല്‍കിയ കമ്പ്യുട്ടറുകള്‍ പബ്ളിക് അഡ്രസ് സിസ്റ്റം എന്നിവയും വായനശാലയിലുണ്ട്.രാജാറാം മോഹന്‍റോയ് ഫൗണ്ടേഷന്‍ വക പുസ്തകങ്ങളും അലമാരകളും ഈ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്.കൂടാതെ മാസന്തോറും ജനോപകാരപ്രദമായ പരിപാടികള്‍ ഏറ്റെടുത്തു നടത്തിവരുന്നു.ബുക്ക് ബൈന്റിംഗിലും സോപ്പ് നിര്‍മ്മാണത്തിലും പരിശീലനം ലഭിച്ച ഒട്ടേറെ വനിതകള്‍ ഇവിടെയുള്ള വനിതാവേദിയില്‍ പ്രവര്‍ത്തിക്കുന്നു.