വായനശാല സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍.എല്ലാ മാന്യ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍.....

പ്രത്യേക പരിപാടികള്‍

ജ്ഞാനോദയ വായനശാല ,മൂലാട്
മൂലാട് PO
PIN 673614

Reg. No 11 QLY 3322 / 1964

Phone.0496 2656171

16-12-2010 നു ജ്ഞാനോദയ വായനശാല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സാരഥികള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സമര്‍പ്പിക്കുന്ന വികസന രേഖ

  • പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ തരിശായിക്കിടക്കുന്ന നെല്‍പ്പാടങ്ങളില്‍ കൂട്ടുകൃഷി സമ്പ്രദായം നടപ്പിലാക്കുക
  • ഓരോ വാര്‍ഡിലും തരിശായിക്കിടക്കുന്ന സ്ഥലത്തിന്റെ വിവരം ശേഖരിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരേയും കുടംബശ്രീ അംഗങ്ങളേയും ഏര്‍പ്പാടു ചെയ്യാവുന്നതാണ്. അതു മൂലം കാര്‍ഷിക രംഗങ്ങളില്‍ വന്‍തോതില്‍ അഭിവൃദ്ധിയുണ്ടാക്കാന്‍ സാധിക്കുന്നു.
  • മലമ്പ്രദേശങ്ങളില്‍ ധാരാളം സ്ഥലം തരിശായിക്കിടക്കുന്നു അത്തരം സ്ഥലങ്ങളില്‍ കപ്പ കൃഷി ചെയ്യണം.കുടുംബശ്രീ പ്രവര്‍ത്തകരേയും സന്നദ്ധ പ്രവര്‍ത്തകരേയും ഇതിനുവേണ്ടി ഉപയോഗപ്പെടുത്തണം.സാധാരണക്കാരന്റെ നിത്യാഹാരമായ കപ്പ ഇവിടേക്ക് ഇറക്കുമതി ചെയ്യുന്ന ഏര്‍പ്പാട് നിര്‍ത്താനും വില കുറച്ച് നമ്മുടെ പ്രദേശത്ത് വിതരണം ചെയ്യാനും സാധിക്കും.
  • പച്ചക്കറിയുടെ വില നിത്യേനയെന്നോണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഈ അവസരത്തില്‍ പച്ചക്കറിയുടെ ഉല്‍പ്പാദനം സുഗമമാക്കാന്‍ ഓരോ വാര്‍ഡിലും പച്ചക്കറി കൃഷി ചെയ്യുന്നതിനാവശ്യമായ പ്രവര്‍ത്തനം വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ആരംഭിക്കണം.
  • പ്രവര്‍ത്തനം മുടങ്ങിക്കിടക്കുന്ന ജലസേചന പദ്ധതികളുടെ പണി സമയബന്ധിതമായി പൂര്‍ത്തീകരിക്കണം.
  • 50 ല്‍ കുറഞ്ഞ കുടുംബങ്ങളുടെ ആവശ്യാര്‍ത്ഥം ചെറുകിട ജലസേചന പദ്ധതികള്‍ ആരംഭിക്കണം. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളം കിട്ടാതെ വിഷമിക്കുന്ന ഒട്ടേറെ ആളുകള്‍ ഇപ്പോഴുമുണ്ട്.ഇവരുടെ പ്രശ്നം അതിവേഗംപരിഹരിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനമാരംഭിക്കണം.
  • ഗതാഗത സൗകര്യം കാര്യക്ഷമമാക്കണം. ഓരോ വാര്‍ഡിലും ഇന്ന് നിലവിലുള്ള റോഡുകള്‍ ഗതാഗതയോഗ്യമാക്കണം.റോഡിന്റെ വീതി കണക്കിലെടുക്കാതെ ഒരു ജീപ്പ് പോകുന്നതിനുള്ള സൗകര്യമെങ്കിലും ജനങ്ങള്‍ക്ക് ഉണ്ടാക്കികൊടുക്കണം.
  • യാത്രാ സൗകര്യവും കുടിവെള്ളത്തിന്റെ അഭാവവും മൂലം കുന്നിന്‍ പ്രദേശങ്ങളില്‍ താമസിക്കുന്ന ആള്‍ക്കാര്‍ തങ്ങളുടെ ഫലഭൂയിഷ്ടമായ ഭൂമി ഉപേക്ഷിച്ചുകൊണ്ട് താഴ്ന്ന പ്രദേശങ്ങളിലേക്ക് താമസം മാറ്റുകയാണ്.അവരുടെ വിഷമങ്ങള്‍ പരിഹരിച്ച് മലമ്പ്രദേശങ്ങള്‍ നിലനിര്‍ത്താനാവശ്യമായ നടപടികളെടുക്കണം.
  • മൂലാട് ബ്രദേഴ്സ് വോളീബോള്‍ ഗ്രൗണ്ടിനു സമീപം നാല് ഏക്കറിലധികം റവന്യൂ സ്ഥലം സ്ഥിതി ചെയ്യുന്നുണ്ട്. ഈ സ്ഥലത്ത് ഒരു ആയുര്‍വ്വേദ ആശുപത്രി നിര്‍മ്മിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.
  • മയക്കുമരുന്നുകളുടേയും ലഹരി പാനീയങ്ങളുടേയും അമിതമായ ഉപയോഗം തടയുന്നതിനു നമ്മുടെ പഞ്ചായത്ത് ലഹരി വിരുദ്ധ മേഖലയായി പ്രഖ്യാപിക്കുകയും അത് നടപ്പിലാക്കാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തുകയും വേണം.
  • കല്യാണ വീടുകളിലും , മറ്റു ആഘോഷ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലും അമിതമായ മദ്യോപയോഗം ഇന്ന് നടക്കുന്നുണ്ട്.ഇതു തടയാനാവശ്യമായ ബോധവല്‍ക്കരണം ജനങ്ങളിലുണ്ടാക്കണം.
  • വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട വ്യവസായങ്ങള്‍ പഞ്ചായത്തില്‍ ആരംഭിക്കണം. കുടുംബശ്രീ പ്രവര്‍ത്തകരെ ഇതിനു വേണ്ടി ഉപയോഗപ്പെടുത്തണം.
  • തൊഴിലുറപ്പു പദ്ധതി കാര്യക്ഷമമാക്കണം. യാതൊരു നിയന്ത്രണവുമില്ലാത്ത രീതിയിലാണ് ഇന്ന് പ്രവര്‍ത്തനം നടക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ കാര്യക്ഷമമായ മേല്‍ നോട്ടത്തിന് കോര്‍ഡിനേറ്ററെ നിയമിക്കണം.
  • പറമ്പുകളിലും പുരയിടങ്ങളിലും ഇടവിള കൃഷികള്‍-മഞ്ഞള്‍,ഇഞ്ചി, ചേന , ചേമ്പ്, പയറുവര്‍ഗങ്ങള്‍ എന്നിവ -പ്രോത്സാഹിപ്പിക്കണം. സ്ഥല പരിമിതി മറികടക്കാന്‍ അടുക്കളത്തോട്ടങ്ങള്‍ വ്യാപകമാക്കാന്‍ നടപടിയെടുക്കണം.
  • പാടശേഖര സമിതികള്‍ സജീവമാക്കി അവയെ ആധുനികവല്‍ക്കരിക്കാനും കാര്‍ഷിക യന്ത്രസാമഗ്രികള്‍ സബ്സിഡി നിരക്കില്‍ നല്‍കി കൃഷി സംരഭങ്ങളെ പ്രോത്സാഹിപ്പിക്കണം.
  • വിദ്യലയ പരിസരങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളില്‍ പച്ചക്കറി കൃഷി വിപുലീകരിക്കുന്നതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യണം.
  • തൊഴിലുറപ്പ് പദ്ധതിയില്‍ ലഭ്യമാകുന്ന മനുഷ്യാധ്വാനത്തെ കൃഷിഭൂമികളുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തണം.
  • ഔഷധ സസ്യകൃഷി പ്രോത്സാഹിപ്പിക്കണം
  • വിദ്യലയങ്ങളില്‍ സര്‍ക്കാര്‍ സഹായത്തോടെ നടപ്പിലാക്കുന്ന മുട്ടയും പാലും നല്‍കുന്ന പദ്ധതിയെ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയുടേയും പാലിന്റേയും വിപണിയാക്കി മാറ്റുക.
  • പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലുള്ള കുളങ്ങള്‍ തുടങ്ങിയ ജലാശയങ്ങളില്‍ ശുദ്ധജല മത്സ്യ കൃഷി തുടങ്ങുക.
  • സാംസ്കാരിക രംഗത്തെ പാടെ തഴയുന്ന രീതി മുന്‍കാല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിച്ചിരിക്കുന്നതായി ഞങ്ങള്‍ക്ക് വിമര്‍ശനമുണ്ട്.ഇക്കാര്യത്തില്‍ ഭരണസമിതികളുടെ കാര്യമായ ശ്രദ്ധ പതിയണം.
  • നമ്മുടെ പഞ്ചായത്തില്‍ സാസ്കാരിക രംഗത്ത് കാര്യമായി പ്രവര്‍ത്തിക്കുന്ന ഗ്രന്ഥ ശാലകളുടെ ഭൗതിക സാഹചര്യം വര്‍ദ്ധിപ്പിക്കാനാവശ്യമായ സഹായം പഞ്ചായത്തില്‍ നിന്ന് ലഭിക്കാനാവശ്യമായ നടപടികളെടുക്കണം.
  • പഞ്ചായത്തില്‍ ഇന്ന് ഗ്രന്ഥശാലകള്‍ ഇല്ലാത്ത വാര്‍ഡുകളില്‍ പുതിയ ഗ്രന്ഥശാലകള്‍ ആരംഭിക്കാനാവശ്യമായ നടപടി കൈക്കൊള്ളണം.
  • കൂട്ടാലിട ആസ്ഥാനമായി ഒരു മാതൃകാ ഗ്രന്ഥാലയം സ്ഥാപിക്കാനാവശ്യമായ പ്രവര്‍ത്തമാരംഭിക്കണം. ഇന്ന് കൂട്ടാലിടയില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയെ പഞ്ചായത്തിലെ മുഴുവന്‍ പേര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന റഫറന്‍സ് ലൈബ്രറിയായി ഉയര്‍ത്തണം.
  • പുതിയ വിദ്യാഭ്യാസ സമ്പ്രദാത്തിന്റെ സാധ്യതകള്‍ക്കനുസൃതമായി ലൈബ്രറി , ലബോറട്ടറി , കമ്പ്യൂട്ടര്‍ പഠനം എന്നിവയുടെ വിപുലീകരണത്തിനുതകുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
  • പഞ്ചായത്ത് മോണിറ്ററിംഗ് സമിതികളുടെ പഠന നിലവാരം വിലയിരുത്താനുള്ള നടപടികളെടുക്കണം.
  • അവിടനല്ലൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിന്റെ സമഗ്ര വികസനത്തിനാവശ്യമായ പദ്ധതികള്‍ ജില്ലാ പഞ്ചായത്തിനു സമര്‍പ്പിക്കണം.
  • കേരളോത്സവം കൂടുതല്‍ പങ്കാളിത്തം ഉറപ്പു വരുത്തി പൊതു സമൂഹത്തെ സജീവമാക്കുന്ന പരിപാടിയാക്കി മാറ്റണം.വിവിധ കലാ സാസ്കാരിക സംഘടനകളെ ഏല്‍പ്പിക്കുന്നതാണ് നല്ലത്.
  • കൂട്ടാലിട അങ്ങാടിയില്‍ നിന്ന് വളരെ അകലെ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിപ്പെടാന്‍ വളരെയേറെ പ്രയാസമാണ്.പൊതുജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രം അങ്ങാടിക്കു സമീപത്തേക്കു മാറ്റണം.
  • കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് ഇന്നു പ്രവര്‍ത്തിക്കുന്ന കെട്ടിടം അസൗകര്യങ്ങള്‍ നിറഞ്ഞതാണ്. പഞ്ചായത്ത് ഓഫീസ് പഞ്ചായത്തിന്റെ സിരാ കേന്ദ്രമായ കൂട്ടാലിട അങ്ങാടിയിലേക്കു മാറ്റുകയും ,പൊതുജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രം നിലവിലുള്ള പഞ്ചായത്ത് ഓഫീസ് കെട്ടിട സമുച്ചയത്തിലേക്ക് മാറ്റുന്നതിനുവേണ്ടിയുള്ള നടപടികള്‍ ഭരണസമിതി കൈക്കൊള്ളുകയും ചെയ്യണം.
  • കൂട്ടാലിട അങ്ങാടിയില്‍ മുമ്പ് പ്രവര്‍ത്തിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സ്ഥലം സര്‍ക്കാരില്‍ നിന്നും വിട്ടു വാങ്ങിയാല്‍ അവിടെ പഞ്ചായത്ത് ഓഫീസ് നിര്‍മ്മിക്കാന്‍ കഴിയും.
  • കൂട്ടാലിട അങ്ങാടിയില്‍ ഇപ്പോള്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന പൊതു കക്കൂസ് നവീകരിച്ച് പൊതുജനങ്ങല്‍ക്ക് ഉപയോഗ യോഗ്യമാക്കണം.
  • പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണത്തിന്റെ തീവ്രത പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം.ഫലപ്രദമായ ഖരമാലിന്യ സംസ്കരണ യൂനിറ്റുകള്‍ സ്ഥാപിച്ച് നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണം.
  • ഗാര്‍ഹിക ബയോ ഗ്യാസ് പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രോത്സാഹനവും സബ്സിഡിയും നല്‍കുക.
  • അങ്കണവാടി കുട്ടികള്‍ക്ക് വിനോദങ്ങള്‍ക്കുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം.കുട്ടികളുടെ പഞ്ചായത്തു കലോത്സവങ്ങള്‍ വിപുലീകരിച്ചു നടത്തുകയും വേണം.
  • റോഡ് കണക്റ്റിവിറ്റി മാപ്പ് തയ്യാറാക്കി മുന്‍ഗണനാ ക്രമത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
  • മെറ്റല്‍ ചെയ്ത റോഡുകള്‍ ടാറിംഗ് ചെയ്ത് ഗതാഗത യോഗ്യമാക്കണം.
  • കുന്നിന്‍ പ്രദേശങ്ങളിലെ നിവാസികള്‍ക്ക് യാത്ര ചെയ്യാന്‍ നടപ്പാതകള്‍ നിര്‍മ്മിക്കണം.
  • പാലക്കാടന്‍ മാതൃകയില്‍ കോഴിക്കുഞ്ഞുങ്ങളുടെ നഴ്സറി ആരംഭിക്കുക.
  • കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള A ഗ്രേഡ് വായനശാലകള്‍ക്ക് ബ്ലോക്ക് -ജില്ലാ പഞ്ചായത്തുകളുടെ സഹായത്തോടെ LCD പ്രൊജക്റ്ററുകളും കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കണം.
  • വനിതാ വേദി പ്രവര്‍ത്തിക്കുന്ന വായനശാലകളിലെ വനിതകള്‍ക്ക് ബുക്ക് ബൈന്റിംഗ്, സോപ്പു നിര്‍മ്മാണം , ജൈവ പച്ചക്കറി കൃഷി എന്നിവയില്‍ തൊഴില്‍ പരിശീനം നല്‍കിവരുന്നുണ്ട്. ഇത്തരം പരിപാടികള്‍ക്ക് സ്ഥിരമായ യൂനിറ്റുകള്‍ തുടങ്ങാന്‍ ത്രിതല പഞ്ചായത്തുകളില്‍ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കണം.
  • മൂലാട് ജ്ഞാനോദയ വായനശാല കേന്ദ്രീകരിച്ച് ബുക്ക് ബൈന്റിംഗ് യൂണിറ്റ് തുടങ്ങുന്നതിനാവശ്യമായ കട്ടിംഗ് യന്ത്രം ബ്ലോക്ക് പഞ്ചായത്ത് മുഖേന ലഭ്യമാക്കണം.
  • നിലവിലുള്ള കത്താത്ത തെരുവുവിളക്കുകള്‍ റിപ്പയര്‍ ചെയ്ത് പ്രവര്‍ത്തന ക്ഷമമാക്കുകയും പുതിയവ സ്ഥാപിക്കുകയും ചെയ്യുക.
  • പഞ്ചായത്ത് ആസ്ഥാനമായ കൂട്ടാലിടയില്‍ ഷോപ്പിംഗ് കോംപ്ലക്സും ബസ് സ്റ്റാന്റും നിര്‍മ്മിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക.

കമ്പ്യൂട്ടര്‍ സാക്ഷരത വായനശാലകളിലൂടെ
1.0ആമുഖം
നമ്മുടെ ദൈനദിന ജീവിതത്തില്‍നിന്നും ഒഴിച്ചുകൂടാനാവാത്ത വിധത്തില്‍ വിവരസാങ്കേതിക വിദ്യ ഇന്നു വളര്‍ന്നു കൊണ്ടിരിക്കുകയാണ്. വരും നാളുകളില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട എല്ലാ ആവശ്യങ്ങളും വിവരസാങ്കേതിക വിദ്യയലധിഷ്ഠിതമാണെന്നതില്‍ സംശയമില്ല.
സുതാര്യമായ രീതിയില്‍ സേവനം എല്ലാവര്‍ക്കും ലഭ്യമാകണമെങ്കില്‍ സമസ്ഥ ജനവിഭാഗങ്ങളിലേക്കും
കമ്പ്യൂട്ടര്‍ സാക്ഷരത എത്തിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.
.ടി മിഷന്റെ ആഭിമുഖ്യത്തില്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ മുഴുവന്‍ കുടുംബങ്ങളിലെയും ഒരാള്‍ക്കെങ്കിലും കമ്പ്യൂട്ടര്‍ പരിജഞാനമെത്തിക്കുന്നതിനു വേണ്ടി നടത്തിയ ശ്രമം ഈ ആവശ്യം മുന്‍ കൂട്ടി കണ്ടു കൊണ്ടായിരുന്നു. പകല്‍ സമയങ്ങളില്‍ തൊഴിലിനു പോകുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പ‌ഞ്ചായത്തിലെ ഒന്നോ രണ്ടോ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പലകുടുംബങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളായിരുന്നു ഈ സേവനം പ്രയോജനപ്പെടുത്തിത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നതിന് വന്‍ തോതിലുള്ള സൗകര്യങ്ങള്‍ ഐടി@സ്കൂളിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നിന്നു തന്നെ ഇന്നു ലഭ്യമാണ്.
ഈയൊരുസഹചര്യത്തിലാണ് ഗ്രന്ഥശാലാസംഘത്തിന്റെയും ഐടി@സ്കൂളിന്റെയും സഹകരണത്തോടു കൂടി ഗ്രാമങ്ങളിലെ ഗ്രന്ഥാലയങ്ങളെയും സ്കൂള്‍ ഐടി ക്ലബ്ബ് അംഗങ്ങളേയും കമ്പ്യൂട്ടര്‍ പരിജഞാനം ലഭിച്ച മറ്റുള്ളവരെയും ഉപയോഗപ്പെടുത്തി നാട്ടുകാര്‍ക്ക് രാത്രി കാലങ്ങളില്‍ വായനശാലകളില്‍ വെച്ച് കമ്പ്യൂട്ടര്‍ പരിജഞാനം പകര്‍ന്നു നല്‍കുന്നിനുള്ള ഈയൊരു പദ്ധതി രൂപപ്പെടു്ത്തിയിരിക്കുന്നത്. തുടര്‍ച്ചയായ5 ദിവസം രാത്രി 7 മണി മുതല്‍ 10 മണി വരെയുള്ള 15 മണിക്കൂര്‍ സമയം കൊണ്ട് -ലേണിംഗിന്റെ പ്രാഥമികകാര്യങ്ങള്‍ പരിശീലിപ്പിക്കുന്ന പരിപാടിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. രാത്രി കാലങ്ങളില്‍ അസൗകര്യമുള്ള സ്ത്രീകള്‍ക്കും മറ്റും മധ്യവേനലവധിക്കാലത്തും മറ്റവധിദിവസങ്ങളിലും പകല്‍ സമയത്ത് 5 മണിക്കൂര്‍ വീതം 3 ദിവസം കൊണ്ടും ഈ പദ്ധതി നടപ്പാക്കാവുന്നതാണ്.

2.0ലക്ഷ്യങ്ങള്‍ 
2.1. പ്രദേശത്തെ മുഴുവനാളുകളെയും കമ്പ്യൂട്ടര്‍ സാക്ഷരരാക്കുക. 
2.2 വിദ്യാലയങ്ങള്‍ ഐടി@സ്കൂള്‍, ഗ്രന്ഥശാല കള്‍, ഇവയെ പരസ്പരം കണ്ണിചേര്‍ത്തുകൊണ്ട് അവയെ പൊതുജനസേവന കേന്ദ്രങ്ങളാക്കുക.
2.3 സ്കൂള്‍ ഐടി ക്ലബ്ബ് അംഗങ്ങളേയും കമ്പ്യൂട്ടര്‍ പരിജഞാനം നേടിയവരെയും സാമൂഹ്യസേവനത്തില്‍ പങ്കാളിയാക്കുക. 
2.4 സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യമായ രീതിയില്‍ എല്ലാവര്‍ക്കും ലഭ്യമാകുന്നുവെന്ന് ഉറപ്പ് വരുത്തുക. 
2.0 പൊതുജനങ്ങളെ വായനശാലകളിലെ നിത്യ സന്ദര്‍ശകരാക്കി മാറ്റുക.
      3.0 ഗുണഭോക്താക്കള്‍
ഗ്രന്ഥശാലാപരിധിയിലെ കമ്പ്യൂട്ടര്‍ പരിജ്ഞാനം ലഭിക്കുന്നതിനു താല്‍പര്യമുള്ള മുഴുവനാളുകളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. താല്‍പര്യവും സന്നദ്ധതയും മുന്‍ നിര്‍ത്തി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതാണ്. മറ്റുയാതൊരു വിവേചനവും ഉണ്ടാവാന്‍ പാടില്ല.
      4.0 പ്രവര്‍ത്തനങ്ങള്‍  സംഘാടക സമിതി രൂപീകരണം
    1. ഈ പദ്ധതിയുടെ വ്യാപകമായ പ്രചരണത്തിനും വിജയകരായി നടപ്പിലാക്കുന്നതിനും വേണ്ടി പ്രദേശത്തെ വായനശാലകളെയും സന്നദ്ധസംഘടനകളെയും മറ്റുു പ്രസഥാനങ്ങളെയും കൂട്ടി യോജിപ്പിച്ചു കൊണ്ട് സംഘാടകസമിതി രൂപീകരിക്കുന്നതാണ്.
    2. പരിശീലന രൂപരേഖ(training module) തയ്യാറാക്കല്‍ 
      നിശ്ചിത സമയത്തിനുള്ളില്‍ നല്‍കാന്‍ കഴിയുന്നവിധത്തില്‍ പരിശീലത്തിന് കൃത്യമായ രൂപരേഖ തയ്യാറാക്കുന്നതാണ്. കമ്പ്യൂട്ടറിന്റെ ഭാഗങ്ങള്‍ പരിചയപ്പെടുതതല്‍, കമ്പ്യൂട്ടര്‍ തുറക്കലും അടയ്ക്കലും, മൗസും കീ ബോഡും വഴങ്ങുന്നതിനുള്ല കളികളും ചിത്രം വരയലും സ്വതന്ത്രസോഫ്റ്റ് വെയറും കുത്തക സോഫ്റ്റ് വെയറും തമ്മിലുള്ള വ്യത്യാസവും പ്രാധാന്യവും, ഇംഗ്ളീഷിലും മലയാളത്തിലും ടൈപ്പ് ചെയ്യല്‍, പേജ് സെറ്റ് യ്യലും ലേ ഔട്ടും spredsheet പരിചയപ്പടുത്തല്‍ ,പ്രസന്‍റേഷന്‍ തയ്യാറാക്കല്‍ ഇന്റര്‍ നെറ്റില്‍ നിന്നു് ആവശ്യമുള്ല വിവങ്ങള്‍ അന്വേഷിച്ചു കണ്ടെത്തലും ഡൗണ്‍ലോഡ് ചെയ്ത് സൂകഷിക്കലും , വിവിധ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കലും ആവശ്യമായ കാര്യങ്ങള്‍ ഡൗണ്‍ലോ‍ഡുചെയ്യലും അപ് ലോഡുചെയ്യലും, -മെയില്‍ വിലാസങ്ങളുണ്ടാക്കലും, കത്ത് തയ്യാറാക്കി അയയ്ക്കലും സ്വീകരിക്കലും മറ്റും തുടങ്ങിയ കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി ആയിരിക്കും രൂപരേഖ തയ്യാറാക്കുക. ഇതിന് ഐടി@സ്കൂളിന്റെ സേവനംപ്രയോജനപപെടുത്തുന്നതാണ്.

    1. പരിശീലസൗകര്യമേര്‍പ്പെടുത്തല്‍
      വായനശാലകളിലുള്ളവയ്ക്കു പുറമെ സമീപസ്ഥങ്ങളായ ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി സ്കൂളുകളില്‍ നിന്നും ഐടി@സ്കൂളില്‍ നിന്നും SSA,BRC എന്നിവിടങ്ങളില്‍ നിന്നും സന്നദ്ധരായ വ്യക്തികളില്‍ നിന്നും ലാപ്ടോപ്പുകളും ഡെസ്ക്ടോപ്പു കളും വാടകരഹിതമായോ നാമമാത്രമായ വാടകയിലോ ലഭ്യമാക്കുന്നതാണ്. 10 സിസ്റ്റങ്ങളുണ്ടെങ്കില്‍ 20 പേര്‍ക്ക് ഒരുബാച്ചില്‍ പരിശീലനം നല്‍കാനാവും. വായനശാലയുടെ സ്ഥലപരിമിതി കൂടി പരിഗണിച്ച് കൊണ്ട് എണ്ണം തീരുമാനിക്കാം. പരിശീലനത്തില്‍ ഒരു ദിവസമെങ്കിലും ഇന്റര്‍നറ്റ് സൗകര്യം ലഭ്യമാക്കണം. കമ്പ്യൂട്ടറുകള്‍ പരിശീലന പരിപാടിക്ക് അനുവദിച്ച് തരുന്നതിന് ഐടി@സ്കൂള്‍ അധികൃതരുടെ ഔദ്യോഗിക ഇടപെടല്‍ ഉറപ്പാക്കുന്നതാണ്.
    2. ഇന്‍സ്ട്രക്ടര്‍മാരുടെപാനല്‍ തയ്യാറാക്കല്‍
      സ്കൂള്‍ ഐടി കോ‍ഡിനേറ്റര്‍മാര്‍, സ്കൂള്‍ ഐ ടി ക്ലബ്ബ് അംഗങ്ങള്‍,കമ്പ്യൂട്ടര്‍ പരിജ്ഞാനം നേടിയ അദ്ധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍ എന്നിവരെ ഉള്‍പ്പെടുത്തി പാനല്‍ തയ്യാറാക്കുന്നതാണ്. ഒരു ബാച്ചിന് രണ്ട് പേര്‍ എന്ന വിധത്തിലായിരിക്കും പരിശീലകരെ കണ്ടെത്തുക. അവര്‍ക്ക് പരിശീലന രൂപരേഖ നല്‍കി 15 മണിക്കൂറിനകം നിര്‍ദ്ദേശിച്ച കാര്യങ്ങളെല്ലാം ലഭ്യമാകാക്കുന്നതിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതാണ്
    3. പരിപാടിയുടെ പ്രചാരണം
        പദ്ധതിയുടെ പ്രാധാന്യവും പങ്കാളികളാകേണ്ടതിന്റെ പ്രാധാന്യവും എല്ലാവീടുകളിലും എത്തിക്കുന്നതിനാവശ്യമായ പ്രചരണ പരിപാടികള്‍ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്നാണ്. പ്രദേശത്തെ വിവിധ സ്ഥാപനങ്ങള്‍ സംഘടനകള്‍ എന്നിവയെ എല്ലാം കൂട്ടിയോജിപ്പിച്ച് കൊണ്ട് എല്ലാവരിലും പദ്ധതിയുടെ സന്ദേശമെത്തിക്കാനാവണം. ഇതിന് പ്രത്യേക സാമ്പത്തികച്ചെലവില്ലാതെ അഥവാ വേണ്ടി വന്നാല്‍ സംഭാവനകളിലടെ കണ്ടെത്തി നിര്‍വഹിക്കുന്നതാണ്. ആകാശവാണി, പത്രങ്ങള്‍,പ്രാദേശിക ചാനലുകള്‍ ഇവയുടെ സാദ്ധ്യതകളും പ്രയോജനപ്പെടതതുന്നതാണ്.

    1. രജിസ്ട്രേഷന്‍
      രജിസ്ട്രേഷന്‍ സമയത്തു തന്നെ പരശീലന തീയതിയും സമയവും പഠിതാക്കളെ അറിയിക്കുന്നതാണ്. ഉത്തരവാദിത്വമുണ്ടാകുന്നതിനും പങ്കാളിത്തം ഉറപ്പാക്കുന്നതിനും സാമ്പത്തിക സമാഹരണത്തിന്റെ ഒരു ഭാഗം കണ്ടെത്തുന്നതിന് 10 രൂപ രജിസ്ടേഷന്‍ ഫീസ് വാങ്ങാവുന്നതാണ്.

        1. പഠനോപകരണങ്ങളും ലഘുഭക്ഷണവും ലഭ്യമാക്കല്‍
          പഠിതാക്കള്‍ക്ക് നല്‍കുന്നതിനുള്ള നോട്ട് ബുക്ക്/പാഡ് ,ചായ,ലഘുഭക്ഷണം എന്നിവ ആവശ്യത്തിനനുസരിച്ച് ലഭ്യമാക്കുന്നതാണ്. ചായയും ലഘുഭക്ഷണവും തയ്യാറാക്കി നല്‍കുന്നതിനും അതിനുള്ള സാമ്പത്തികം സമാഹരിക്കുന്നതിനും സംഘാടക സമിതിയുടെ പീര്‍ണ്ണ സഹകരണം ഉറപ്പാക്കണം.
        2. പദ്ധതി നിര്‍വ്വഹണം 
          ഓരോ ബാച്ചിലേക്കുനുള്ള പഠിതാക്കളേയും ഇന്‍സ്റ്റ്രക്ടര്‍മാരേയും ഉറപ്പാക്കല്‍ പ്രോഗ്രാം കമ്മിറ്റിയുടെ ചുമതലയാണ്. വായനശാലയിലെ ഭൗതിക സാഹചര്യം , ലഭ്യനായ കമ്പ്യീട്ടറുകളുടെ എണ്ണം എന്നിവയ്ക്കനുസരിച്ച് 10/20 പേര്‍ക്ക് ഒരു തവണ പരിശീലനം നടത്താവുന്നതാണ്. 5 സിസ്റ്റങ്ങളുണ്ടെങ്ങില്‍ 10 പേരേയും 10 സിസ്റ്റങ്ങളുണ്ടെങ്ങില്‍ 20 പേരേയും ഒരു ബാച്ചിലേക്ക് പഠിതാക്കളായി ഉള്‍പ്പെടുത്താന്‍ കഴിയും. 
          4.9 സംഘാടനം 
          ഐടി@സ്കൂള്‍ ,ഗ്രന്ഥശാലാ സംഘം , വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ഏകോപനത്തിലൂടെയും പ്രാദേശിക തലത്തില്‍ രൂപീകരിക്കുന്ന സംഘാടക സമിതിയുടേയും നേതൃത്വത്തിലായിരിക്കും ഈ പദ്ധതി നിര്ഡവ്വഹണം പീര്‍ത്തിയാക്കുക. 
          5.0 ധനകാര്യ വിശകലനം 
          ഒരു ദിവസം 3 മണിക്കൂര്‍ വീതം 5 ദിവസം കൊണ്ട് 20 പേര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള ചെലവാണ് ഇവിടെ ഉള്‍പ്പെടുത്തിയത്. 
          5.01 ചെലവ് 
          വായനശാലയിലുള്ള 2 എണ്ണമൊഴികെ 8 കമ്പ്യൂട്ടറുകള്‍ക്ക്
          പ്രതി ദിനം 50 രൂപ നിരക്കില്‍ 5 ദിവസത്തേക്ക് 50 X 8 X 5 = 2000
          2 ഇന്‍സ്റ്റ്രക്ടര്‍മാര്‍ക്ക് പ്രതി ദിനം 200 രൂപ നിരക്കില്‍5 ദിവസത്തേക്ക് വേതനം 200 ​X 2 X 5=2000
          20 പേര്‍ക്ക് പേനയും നോട്ട്ബുക്കും 15 X 20 =300
          22 പേര്‍ക്ക് 5 ദിവസത്തേക്ക് ചായ, ലഘുഭക്ഷണം 22 X 10 X 5=1100 
          വൈദ്യുതി,ബ്രോഡ്ബാന്റ് ചെലവ് =100 
          ആകെ 5500
      വരവ്
      രജിസ്റ്റ്രേഷന്‍ 20 X 10 = 200
      സംഭാവന =300
      ലൈബ്രറി കൗണ്‍സില്‍ വിഹിതം 5000
      ആകെ 5500
      മറ്റു നിര്‍ദ്ദേശങ്ങള്‍

      വായനശാലകള്‍ക്ക് 3 കമ്പ്യൂട്ടറുകള്‍ കൂടി ലഭ്യമാക്കിയാല്‍ വാടക ഒഴിവാക്കാന്‍ കഴിയുന്നതും 10 പേരടങ്ങുന്ന ബാച്ചുകളായി പരിശീലനം നല്‍കാന്‍ കഴിയുന്നതുമാണ്.
      നേട്ടങ്ങള്‍
      1. പ്രദേശത്തെ മുഴുവനാളുകളെയും കമ്പ്യൂട്ടര്‍ സാക്ഷരരാക്കുക.
      2. വിദ്യാലയങ്ങള്‍ ഐടി@സ്കൂള്‍, ഗ്രന്ഥശാല കള്‍, ഇവയെ പരസ്പരം കണ്ണിചേര്‍ത്തുകൊണ്ട് അവയെ പൊതുജനസേവന കേന്ദ്രങ്ങളാക്കുക.
      3. സ്കൂള്‍ ഐടി ക്ലബ്ബ് അംഗങ്ങളേയും കമ്പ്യൂട്ടര്‍ പരിജഞാനം നേടിയവരെയും സാമൂഹ്യസേവനത്തില്‍ പങ്കാളിയാക്കുക.
      4. സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യമായ രീതിയില്‍ എല്ലാവര്‍ക്കും ലഭ്യമാകുന്നുവെന്ന് ഉറപ്പ് വരുത്തുക.
      5. പൊതുജനങ്ങളെ വായനശാലകളിലെ നിത്യ സന്ദര്‍ശകരാക്കി മാറ്റുക.

      മോണിറ്ററിംഗ്
      ഐടി@സ്കൂള്‍ , ഗ്രന്ഥശാലാ സംഘം, പ്രദേശത്തെ ഹയര്‍സെക്കന്ററി/ഹൈ സ്കൂള്‍ എന്നിവയുടെ പ്രതിനിധികള്‍ തുടങ്ങിയ സമിതി ഈ പദ്ധതി തുടര്‍ച്ചയായി മോണിറ്ററിംഗ് നടത്തുകയും ആവശ്യമായ നിര്‍ദ്ദേസങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ്



      നിവേദനം


      പ്രേഷിതന്‍
      സെക്രട്ടറി
      ജ്ഞാനോദയ വായനശാല ,
      മൂലാട്
      മൂലാട് പോസ്റ്റ്
      Reg. No 11 QLY 3322 / 1964

      സ്വീകര്‍ത്താവ്
      ബഹു.എം.എല്‍.,
      ബാലുശ്ശേരി നിയോജക മണ്ഡലം.

      സര്‍
      വിഷയം : ജ്ഞാനോദയ വായനശാലയുടെ ഭൗതിക സാഹചര്യം ഉയര്‍ത്തുന്നതു സംബന്ധിച്ച്

      1964 ല്‍ ആരംഭിച്ച മൂലാട് ജ്ഞാനോദയ വായനശാല ഇപ്പോള്‍ സ്ഥല സൗകര്യമില്ലാതെ വളരെയേറെ വിഷമിക്കുകയാണ്.പതിനായിരത്തിലധികം പുസ്തകങ്ങളും കമ്പ്യൂട്ടര്‍ , പബ്ലിക് അഡ്രസ്സ് സിസ്റ്റം ,ഇന്റര്‍നെറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഉണ്ട്. കൂടാതെ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ പദ്ധതി പ്രവര്‍ത്തനങ്ങളായ ബാലവേദി , വനിതാ വേദി , വനിതാ പുസ്തക വിതരണ പദ്ധതി എന്നിവയും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ബുക്ക്ബൈന്റിംഗ് , സോപ്പു നിര്‍മ്മാണം , പച്ചക്കറി കൃഷി , പേപ്പര്‍ ബാഗ് നിര്‍മ്മാണം എന്നിവയില്‍ വനിതകള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ എ ഗ്രേഡില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗ്രന്ഥശാലക്ക് വര്‍ഷത്തില്‍ ഇരുപതിനായിരം രൂപ പ്രവര്‍ത്തന ഗ്രാന്റും ലഭിക്കുന്നുണ്ട്. പുസ്തകങ്ങള്‍ സൂക്ഷിക്കാനും പത്ര പാരായണത്തിനും കമ്പ്യൂട്ടര്‍ പ്രവര്‍ത്തനത്തിനും വേണ്ടത്ര സൗകര്യമില്ല. ഇപ്പോള്‍ നിലവിലുള്ള കെട്ടിടം കുറ്റ്യാടി ഇറിഗേഷന്‍ പ്രൊജക്റ്റിന്റെ കീഴിലുള്ള ഒന്നര സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. നിലവിലുള്ള കെട്ടിടത്തോട് തൊട്ട് പത്ത് സെന്റോളം സ്ഥലം ഇറിഗേഷന്‍ വകുപ്പിന്റെ കീഴില്‍ കിടപ്പുണ്ട്. പ്രസ്തുത സ്ഥലം അനുവദിച്ചു കിട്ടിയാല്‍ സൗകര്യപ്രദമായ ഒരു കെട്ടിടം പണിയാന്‍ സാധിക്കുന്നതാണ്. ആയതിനാല്‍ ബഹുമാനപ്പെട്ട എം.എല്‍.എ ഇക്കാര്യത്തില്‍ ഇറിഗേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട് മേല്‍ സൂചിപ്പിച്ച സ്ഥലം ഗ്രന്ഥശാലക്ക് പതിച്ചു കിട്ടാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.
      വിശ്വസ്തതയോടെ,
      സെക്രട്ടറി
      ജ്ഞാനോദയ വായനശാല , മൂലാട്