വായനശാല സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍.എല്ലാ മാന്യ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍.....

Friday, August 27, 2010



ഐ.വി.ദാസ്
("ഗ്രന്ഥാലോകം" ജനുവരി 2011)
കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സെക്രട്ടറിയായി 10 വര്‍ഷക്കാലം ഐ.വി ദാസ് മാസ്റ്റര്‍ പ്രവര്‍ത്തിച്ചു. ഈ കാലയളവില്‍ കേരളത്തിലെ ഗ്രന്ഥശാലകള്‍ക്ക് ഒരു സവിശേഷത കൈവരിക്കാന്‍ കഴിഞ്ഞു. പ്രവര്‍ത്തകര്‍ക്ക് ഉല്‍സാഹവും ഉണര്‍വ്വും കൈവന്ന കാലഘട്ടമാണിത്.കേരളമെങ്ങും ഗ്രന്ഥശാലാ പ്രവര്‍ത്തകരെ തട്ടിയുണര്‍ത്തിക്കൊണ്ട് അദ്ദേഹം യാത്ര ചെയ്തു. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറാനുള്ള മാഷുടെ കഴിവ് അപാരമായിരുന്നു.എല്ലാ പ്രവര്‍ത്തകരേയും തോളില്‍ തട്ടി പ്രോത്സാഹിപ്പിക്കുന്നതില്‍ മാസ്റ്റര്‍ താത്പര്യം കാണിച്ചു. കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ സെക്രട്ടറിയായി ഞാന്‍ പ്രവര്‍ത്തിക്കുന്ന അവസരത്തില്‍ , എപ്പോള്‍ സമീപിച്ചാലും ഫോണ്‍ ചെയ്താലും സന്തോഷപൂര്‍വ്വം മറുപടി തരാനും ഉപദേശിക്കാനും മാസ്റ്റര്‍ തയ്യാറായിരുന്നു. എന്തു പ്രശ്നമുണ്ടായാലും ലൈബ്രറി കൗണ്‍സില്‍ ഓഫീസിലേക്ക് വ്യക്തിപരമായി കത്തയച്ചാല്‍ ഗൗരവപൂര്‍വ്വം പരിഗണിക്കുന്ന കാര്യം മാസ്റ്റര്‍ക്കുണ്ടായിരുന്നു. ഏതൊരാളും മാതൃകയായി സ്വീകരിക്കേണ്ട ഒരു മഹത് വ്യക്തിയായിരുന്നു ദാസ് മാസ്റ്റര്‍. താന്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധത അദ്ദേഹത്തെ വാനോളം ഉയര്‍ത്തി.

രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന മണ്‍മറഞ്ഞ നേതാക്കളെക്കുറിച്ച് മാഷിനുണ്ടായിരുന്ന ബഹുമാനവും മതിപ്പും എന്നെ അല്‍ഭുതസ്തബ്ധനാക്കി. : പി.ആര്‍ നമ്പ്യാരുടെ പേരിലുണ്ടായിരുന്ന ഒരു ഗ്രന്ഥശാലയുടെ അംഗീകാരത്തിന് ശുപാര്‍ശ ചെയ്യുന്നതില്‍ താലൂക്ക് കമ്മിറ്റിക്ക് അല്പം പിശകു പറ്റി. ഈ വിവരമറിഞ്ഞ മാസ്റ്റര്‍ എന്നെ വിളിച്ച് അല്‍പ്പം കയര്‍ത്ത് സംസാരിച്ച കര്യം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. പി.ആറിനെപ്പോലുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ പേരിലുള്ള ഒരു ഗ്രന്ഥശാലയ്ക്കുള്ള അംഗീകാരത്തിന് എന്തുകൊണ്ട് ശുപാര്‍ശ ചെയ്തില്ല എന്നാണ് അദ്ദേഹം ചോദിച്ചത്.അടുത്ത മാസത്തെ കമ്മിറ്റിയില്‍ത്തന്നെ ആ ഗ്രന്ഥശാലയുടെ അംഗീകാരത്തിനു ശുപാര്‍ശ ചെയ്തയച്ചു
എന്റെ നാട്ടിലുള്ള ഗ്രന്ഥശാലാ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിന് അന്നത്തെ പ്രസിഡന്റായിരുന്ന കടമ്മനിട്ടയെ ക്ഷണിച്ചപ്പോള്‍ യാത്രാക്ലേശംമൂലം അദ്ദേഹം മടി കാണിച്ചു. ഇക്കാര്യം ഞാന്‍ മാഷിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹം കടമ്മനിട്ടയെ നിര്‍ബന്ധിക്കുകയും രണ്ടു പേരും ഉത്സാഹപൂര്‍വ്വം ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം മിടുക്കന്‍മാരാണ് നമ്മുടെ പ്രസ്ഥാനത്തിന്റെ നട്ടെല്ല്. ഇവരെയൊന്നും ഒരിക്കലും പിണക്കാന്‍ പാടില്ലെന്ന് കടമ്മനിട്ടയെ ഉപദേശിച്ചു.
മാഷുടെ സ്വതസിദ്ധമായ ചിരിയും പ്രസരിപ്പാര്‍ന്ന പെരുമാറ്റവും സാധാണ പ്രവര്‍ത്തകര്‍ക്ക് ആവേശവും ഉണര്‍വ്വും പ്രദാനം ചെയ്തു.ദാസ് മാസ്റ്റരുടെ ഓര്‍മ്മ നിലനിര്‍ത്തിക്കൊണ്ട് ഈ രംഗത്തുള്ള പ്രവര്‍ത്തനം സജീവമാക്കാന്‍ ഓരോരുത്തരും മുന്നോട്ടു വരേണ്ട കാലഘട്ടമാണിത്
കേരളത്തിലങ്ങോളമിങ്ങോളം ആയിരക്കണക്കിനു ആരാധകരുള്ള പ്രസ്ഥാനത്താട് കൂറും ആത്മാര്‍ത്ഥതയും കാണിക്കുന്ന ഈ കൂര്‍മ്മ ബുദ്ധിയെ കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പ്രവര്‍ത്തകരും നേതാക്കളും മാതൃകയാക്കേണ്ടതാണ്





എന്‍ അച്യുതന്‍ നായര്‍ (താലൂക്ക് ലൈബ്രറി കൗണ്‍സില്‍ )

No comments:

Post a Comment